ആൾ ഇന്ത്യ കെഎംസിസി ബംഗളുരു ഇലക്ട്രോണിക് സിറ്റി ഫേസ് ടു ഏരിയയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ഏരിയ കോർഡിനേറ്റരായിരുന്ന അബൂബക്കർ അനുസ്മരണവും സീസൺ ഹോട്ടലിൽ സംഘടിപ്പിച്ചു. സലീം ഹൊസറോഡ് സ്വാഗതം ആശംസിച്ച ചടങ്ങിൽ നിസാർ ജനപ്രിയ അധ്യക്ഷത വഹിച്ചു. എ.ഐ.കെ.എം.സി.സി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിനിടയിൽ അബൂബക്കർ കാത്തുസൂക്ഷിച്ച സേവനതൽപരതയും കാരുണ്യപ്രവർത്തനങ്ങളും എന്നും മാതൃകയാണെന്ന് എം.കെ. നൗഷാദ് ഉദ്ഘാടന പ്രസംഗത്തിൽ അനുസ്മരിച്ചു. മറ്റുള്ളവരുടെ പ്രയാസങ്ങളിൽ ഓടിയെത്താനും അവർക്ക് താങ്ങാവാനും അദ്ദേഹം കാണിച്ച മനസ്സ് വരുംതലമുറയ്ക്കും വലിയൊരു പാഠമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് പ്രാർത്ഥനയ്ക്കും അനുസ്മരണ പ്രഭാഷണത്തിനും ഹുജ്ജത്തുള്ള ഹുദവി നേതൃത്വം നൽകി. മനുഷ്യൻ ഈ ലോകത്ത് ചെയ്തുവെക്കുന്ന നന്മകൾ മാത്രമാണ് മരണാനന്തരവും അവനെ ജീവിപ്പിക്കുകയെന്നും, അബൂബക്കറിൻ്റെ സ്മരണകൾ നമുക്ക് മുന്നിൽ വലിയൊരു കർമ്മപഥമാണ് തുറന്നുനൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. നേഹവും സാഹോദര്യവും നിലനിർത്താൻ ഇത്തരം ഒത്തുചേരലുകൾ അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ സെൻട്രൽ കമ്മറ്റി സെക്രട്ടറി റഹീം ചാവശ്ശേരി, ബഷീർ മുഗൾ ട്രീറ്റ്, ടി.സി. മുനീർ, റാഷിദ് സീസൺ ഹോട്ടൽ, അബൂബക്കറിന്റെ സഹോദരൻ സഫീർ എന്നിവർ അബൂബക്കറിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് സംസാരിച്ചു. റഹീം ജനപ്രിയ നന്ദി രേഖപ്പെടുത്തി.