കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഫയൽ ചെയ്ത കേസ് നാസിക് കോടതി റദ്ദാക്കി. വി.ഡി. സവർക്കർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച കേസ് പരാതിക്കാരൻ തന്നെ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതിനെത്തുടർന്നാണ് അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് രൂപാലി നർവാഡിയയുടെ നടപടി.
‘ഭാരത് ജോഡോ യാത്ര’യ്ക്കിടെ (2022-ൽ) രാഹുൽ ഗാന്ധി സവർക്കർക്കെതിരെ സംസാരിച്ചുവെന്നാണ് പരാതി. ബ്രിട്ടീഷ് സർക്കാരിന് വേണ്ടി പ്രവർത്തിക്കാമെന്ന് സവർക്കർ ഉറപ്പുനൽകിയിരുന്നു എന്ന രാഹുലിന്റെ പ്രസ്താവന, സ്വാതന്ത്ര്യസമര സേനാനിയായ സവർക്കറുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു എന്ന് കാണിച്ച് ‘നിർഭയ ഫൗണ്ടേഷൻ’ എന്ന എൻജിഒയുടെ ഡയറക്ടറാണ് കോടതിയിൽ പരാതി നൽകിയത്.
പരാതിക്കാരൻ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതോടെ കോടതി നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. പ്രാദേശിക പോലീസിനോട് കോടതി അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പോലീസ് സമർപ്പിച്ച റിപ്പോർട്ട് രാഹുൽ ഗാന്ധിക്ക് അനുകൂലമായതിനാലാകാം പരാതിക്കാരൻ പിൻവാങ്ങിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരായ ഗജേന്ദ്ര സനാപും, ജയന്ത് ജൈഭാവെയും പ്രതികരിച്ചു.