ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുകയാണ് ട്രാഫിക് പൊലീസ്. ബാംഗ്ലൂർ നഗരത്തിൽ കാല്‍നട യാത്രക്കാര്‍ക്കു സുഗമമായി യാത്ര ചെയ്യാന്‍ കഴിയുന്ന വിധമുള്ള പരിഷ്കരണങ്ങളാണ് നടപ്പാക്കുന്നത്. ബാംഗ്ളൂരിൻ്റെ വിവിധ ഭാഗങ്ങളിലായി 101 പുതിയ ആകാശപ്പാതകള്‍ നിര്‍മ്മിക്കണമെന്നാണ് പൊലീസ് പ്രധാനമായും നിര്‍ദേശിച്ചിരിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് തിരക്കുള്ള റോഡുകള്‍ സുരക്ഷിതമായി മുറിച്ചുകടക്കാന്‍ ഇതിലൂടെ സാധിക്കും. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിക്കാണ് (ജിബിഎ) റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.
ബാംഗ്ളൂരിൽ മഴ പെയ്യുമ്പോള്‍ നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന നൂറിലധികം സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ മഴക്കാലത്തിന് മുന്‍പായി അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തി വെള്ളക്കെട്ട് ഒഴിവാക്കിയാല്‍ വാഹനങ്ങളുടെ വേഗത കുറയുന്നത് തടയാനാകുമെന്ന് പൊലീസ് ചൂണ്ടിക്കാണിക്കുന്നു. നഗരത്തിലെ റോഡ് അപകടങ്ങള്‍ കുറയ്ക്കാനും യാത്ര സുഗമമാക്കാനും ഈ പുതിയ മാറ്റങ്ങള്‍ വലിയ രീതിയില്‍ സഹായിക്കുമെന്നാണ് ട്രാഫിക് പൊലീസ് പ്രതീക്ഷിക്കുന്നത്. റോഡിലെ സുഗമമായ ഗതാഗതത്തിന് തടസമായി നിന്നിരുന്ന, അശാസ്ത്രീയമായ രീതിയില്‍ സ്ഥാപിച്ചിരുന്ന 103 ബസ് സ്റ്റോപ്പുകള്‍ പൊലീസ് മാറ്റി സ്ഥാപിച്ചു.
അഴുക്കുചാലുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാന്‍ നൂതനമായ സാങ്കേതികവിദ്യ ഉപയോഗിക്കും. ‘പൈപ്പ് പുഷിങ്’ സാങ്കേതികവിദ്യയാണ് പരീക്ഷിക്കുന്നത്. ജൂണ്‍ മാസത്തോടെ ഈ ജോലികള്‍ പൂര്‍ത്തിയാകും. അടിസ്ഥാന സൗകര്യ വികസനത്തിന് ഒപ്പം പരിസ്ഥിതി ലംഘനങ്ങള്‍ക്കെതിരെയും ജിബിഎ കടുത്ത നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചു.
മാലിന്യങ്ങള്‍ കത്തിക്കുന്നത് തടയാന്‍ അതോറിറ്റി കനത്ത പിഴ പ്രഖ്യാപിച്ചു. മാലിന്യം കത്തിക്കുന്ന വ്യക്തികളെ തിരിച്ചറിയുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന പൗരന്മാര്ക്ക് 250 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വൃത്തിയുള്ള ഒരു നഗരത്തെ നിലനിര്‍ത്തുന്നതില്‍ പൗരന്മാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നടപടി.