കോൺഫിഡന്റ് ഗ്രൂപ് ഉടമ സി.ജെ. റോയിയുടെ മരണത്തിലെ ദുരൂഹതകളും ആദായ നികുതി റെയ്ഡിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചട്ടലംഘനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളുരു ഡി.ഐ. ജിയോട് റിപ്പോർട്ട് തേടി കർണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കേരള ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തുർ ജയ്സിങ് സമർപ്പിച്ച പരാതിയിലാണ് നടപടി.
ജനുവരി 30ന് ബംഗളുരു കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ കോൺസൽ ഓഫിസിൽ റോയി സ്വയം വെടിവെച്ച് മരിച്ചെന്ന നിഗമനത്തിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. മരണം നടന്ന ദിവസം റോയി ഓഫിസിൽ വന്ന സമയത്തെക്കുറിച്ച് ആദായനി കുതി ഉദ്യോഗസ്ഥരും ഓഫിസ് ജീവനക്കാരും പൊലീസിന് നൽകിയ മൊഴിയിൽ വലിയ വൈരുധ്യമുണ്ടെന്ന് അഭിഭാഷകൻ നൽകിയ പരാതിയിൽ പറയുന്നു.
ആദായ നികുതി ഉദ്യോഗസ്ഥർ ഓഫിസിൽ ഉണ്ടായിരിക്കെയാണ് സി.ജെ. റോയി മരിച്ചത്. ആദായ നികുതി ഉദ്യോഗസ്ഥർ സാധാരണ നടത്തിവന്ന റെയ്ഡിൻ്റെ നടപടിക്രമങ്ങൾക്ക് വിരുദ്ധമായിട്ടാണ് സി.ജെ. റോയിയുടെ സ്ഥാപനത്തിലെ റെയ്ഡിലെ രീതികളെന്ന് വ്യക്തമാണ്. പലകാരണങ്ങൾ പറഞ്ഞ് പല ദിവസങ്ങളിലായി റെയ്ഡ് നടത്തിയതും രണ്ടും മൂന്നും ഉദ്യോഗസ്ഥർ പല ഘട്ടങ്ങളിലായി സി.ജെ. റോയിയുമായി ഇടപഴകിയതും ദുരൂഹത ഉയരുന്നു.