പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതിനെച്ചൊല്ലി ലോക് സഭയിൽ സഭ ഇന്നും പ്രതിഷേധം. രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തി. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവെച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കെതിരായ മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ വിലക്കേർപ്പെടുത്തിയത്. ബജറ്റിന്മേലുള്ള ചർച്ചകൾ നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ അനുവദിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാടെങ്കിലും, മനഃപൂർവം രാഹുൽ ഗാന്ധിയെ തടയുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.