ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. പ്രധാനവേദിയായ ലുലുമാളിലെ സിനിപോളിസിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 7 വരെ പ്രദർശനം ഉണ്ടായിരിക്കും. വൈകിട്ട് വിധാൻസൗധയിലെ ചടങ്ങിൽ മത്സരവിഭാഗങ്ങളിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യ സമ്മാനിക്കും. ഇന്ത്യൻ മത്സരവിഭാഗത്തിൽ 7 മലയാള ചിത്രങ്ങളാണ് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത്.
ഇന്ത്യൻ സിനിമാ വിഭാഗത്തിനു പുറമെ ഏഷ്യൻ സിനിമ, കന്നഡ സിനിമ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. ഓരോ വിഭാഗത്തിലും മൂന്ന് വീതം പുരസ്കാരങ്ങളാണ് ഏർപ്പെടുത്തിത്തിയിട്ടുള്ളത്. എഴുപതിലധികം രാജ്യങ്ങളിൽനിന്നുള്ള 225-ലധികം സിനിമകൾ ഏഴ് ദിവസത്തെ മേളയിൽ പ്രദർശിപ്പിച്ചു.