വിവാഹച്ചടങ്ങിനായി കല്യാണ മണ്ഡപത്തിലേക്കുള്ള യാത്രയ്ക്കിടെ വരന് വെട്ടേറ്റ സംഭവത്തിൽ വധുവും കാമുകനുമടക്കം മൂന്നുപേർ അറസ്റ്റിൽ. മൈസൂർ ചാമരാജ്നഗർ ജില്ലയിൽ ആണ് സംഭവം. കുനഗള്ളി വില്ലേജിലെ രവീഷിനാണ് വെട്ടേറ്റത്. സംഭവത്തിൽ രവീഷിൻ്റെ വധു കൊല്ലേഗലിലെ നയന, ബെംഗളൂരു സ്വദേശിയായ കാമുകൻ ദർശൻ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചാമരാജനഗർ ബാലമന്ദിരത്തിലേക്ക് മാറ്റി. ഒളിവിൽ കഴിയുന്ന രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ദർശനെയും നയനയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കൊല്ലേഗലിലെ വെങ്കിടേശ്വര കല്യാണ മണ്ഡപത്തിലേക്ക് രവീഷ് കുടുംബത്തോടൊപ്പം കാറിൽ പോകവേ മറ്റൊരു കാറിലെത്തിയ നാലംഗ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവീഷിനെ കൊല്ലെഗൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദർശനും നയനയും പ്രണയത്തിലായിരുന്നു. വീട്ടുകാർ നയനയുടെ സമ്മതമില്ലാതെയാണ് രവീഷുമായുള്ള വിവാഹം ഉറപ്പിച്ചത്. വിവാഹത്തിൽനിന്ന് പിന്മാറാൻ ദർശനും നയനയും ആവശ്യപ്പെട്ടെങ്കിലും രവീഷിനോട് കൂട്ടാക്കിയില്ല. ദർശനെ ചോദ്യംചെയ്തപ്പോഴാണ് ഗൂഢാലോചനയിൽ നയനയ്ക്കും പങ്കുള്ളതായി തെളിഞ്ഞത്.