ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിവെച്ച് മരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ഡോ. സി. ജെ. റോയിയുടെ മൃതദേഹം സംസ്കരിച്ചു. സി.ജെ. റോയിയുടെ അഭിലാഷപ്രകാരം സ്വന്തം റിസോർട്ടായ ബംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ നാചേഴ്സ് ലക്ഷ്വറിയിലാണ് സംസ്കാരച്ചടങ്ങുകൾ പൂർത്തിയായത്.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ റിസോർട്ടിൽ പൊതുദർശത്തിനു വെച്ചിരുന്നു. തുടർന്ന് കാൽക്കരെ സെന്റ് ജോസഫ്സ് പള്ളിയിൽ 2.30ന് സംസ്കാര ശുശ്രൂഷ നടത്തി. പിന്നാലെ റിസോർട്ടിലേക്കെത്തിച്ച് സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കി. ആയിരങ്ങളാണ് റോയിയുടെ അവസാനമായി കാണാൻ ബന്നാർഘട്ടയിലെത്തിയത്. ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ വെള്ളിയാഴ്ചയാണ് റോയ് (57) സ്വയം വെടിവെച്ച് മരിച്ചത്.