കർണാടകയിൽ നയപ്രഖ്യാപനം വായിക്കാൻ കൂട്ടാക്കാതെ ഗവർണർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനം ഉള്ളതാണ് ഗവർണർ തവർ ചന്ദ് ഗെലോട്ടിനെ പ്രകോപിപ്പിച്ചത്. തൊഴിലുറപ്പു പദ്ധതിയുടെ പേരുമാറ്റവുമായി ബന്ധപ്പെട്ടുള്ള കേന്ദ്രവിമർശനങ്ങൾ നയപ്രഖ്യാപനത്തിൽ ഒഴിവാക്കണമെന്ന് ഗവർണർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
പ്രസംഗം സർക്കാരിന്റെ പ്രചാരണം മാത്രമാണെന്നായിരുന്നു ഗവർണർ പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്രവിമർശനങ്ങൾ ഒഴിവാക്കാൻ തയ്യാറായില്ല. ഗവർണറുടെ ഭരണഘടനാപരമായ കടമയാണ് നയപ്രഖ്യാപനം വായിക്കേണ്ടതെന്നും അദ്ദേഹം കേന്ദ്രസർക്കാരിന്റെ ഉപകരണമായി പ്രവർത്തിക്കുകയാണെന്നുമാണ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കെ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്.
‘വർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യേണ്ടത് ഗവർണറുടെ കടമയാണ്. നയപ്രഖ്യാപന പ്രസംഗത്തിന്റെ ഉള്ളടക്കം മന്ത്രിസഭ അംഗീകരിച്ചിരുന്നു. ആ പ്രസംഗം ഗവർണർ വായിച്ചില്ല. പകരം അദ്ദേഹം തയ്യാറാക്കിയ പ്രസംഗം വായിക്കാണ് ശ്രമിച്ചത്. അദ്ദേഹം ഭരണഘടന ലംഘിച്ചു. ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച്, അദ്ദേഹം മന്ത്രിസഭയുടെ പ്രസംഗം വായിക്കണം’- സിദ്ധരാമയ്യ പറഞ്ഞു. ഗവർണർക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.