കർണാടക ശീതതരംഗത്തിൻ്റെ പിടിയിൽ. വരും ദിവസങ്ങളിൽ രാത്രികാലത്ത് ബെംഗളൂരുവിലും സമീപ ജില്ലകളിലും തണുപ്പ് വർധിക്കും. അടുത്ത ഏതാനും ദിവസത്തിനുള്ളിൽ താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറയാനിടയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ബെംഗളുരു ഗ്രാമ ജില്ല, തുമക്കുരു, ചിക്കമഗളൂരു, മണ്ഡ്യ, ഹാസൻ, ചാമരാജ്നഗർ എന്നിവിടങ്ങളിൽ 9 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞു.
ചിക്കബെല്ലാപുര- 8.8 ഡിഗ്രി സെൽഷ്യസ്, കോലാർ 8.9 എന്നിങ്ങനെയാണു ഇപ്പോൾ രാത്രികാലങ്ങളിലെ കുറഞ്ഞ താപനില. ബെംഗളൂരുവിൽ ഇന്നലെ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. വടക്കൻ കർണാടകയിൽ ബീദർ, ബെളഗാവി, വിജയപുര, യാദ്ഗിർ, കലബുറഗി എന്നിവിടങ്ങളിൽ 10.8-13.3 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് രേഖപ്പെടുത്തി.