മികച്ച മൂല്യ സമ്പന്നമായ വിദ്യാഭ്യാസത്തിനു സാങ്കേതിക സൗകര്യം അനിവാര്യമല്ലെന്നും, എന്നാൽ ആധുനിക സാങ്കേതിക വിദ്യകൾ പഠിക്കാത്തവർ പുറന്തള്ളപ്പെടുമെന്നും ജസ്റ്റിസ് എച്ച് എൻ നാഗമോഹൻ ദാസ് പറഞ്ഞു. കേരളസമാജം ദൂരവാണിനഗറിൻ്റെ ജൂബിലി സ്കൂൾ വാർഷികോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലുള്ള മികവല്ല, വക്കീൽ എന്ന നിലയിൽ താൻ പുലർത്തിയ ആത്മാർത്ഥതയും അതിൻ്റെ ഭാഗമായി ആർജ്ജിച്ച അറിവുമാണ് തന്നെ ന്യായാധിപ സ്ഥാനത്തേക്കുയർത്തിയത്. മക്കൾ ഡോക്ടറോ എഞ്ചിനിയറോ ആകണമെന്ന് രക്ഷിതാക്കൾ നിർബന്ധിക്കേണ്ടതില്ല. വൈവിദ്ധ്യമാർന്ന തൊഴിലവസരങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്. അത് കണക്കിലെടുത്ത് കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. വിദ്യാർത്ഥികൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകി പഠിപ്പിക്കുന്നവരാണ് നല്ല അദ്ധ്യാപകർ. വിദ്യാഭ്യാസം മാനവിക മൂല്യങ്ങൾ ജ്വലിപ്പിക്കുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അദ്ധ്യക്ഷ പ്രസംഗം നടത്തി. ജൂബിലി സ്കൂൾ പ്രിൻസിപ്പാൾ കല വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എജ്യൂക്കേഷൻ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ്, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എന്നിവർ സംസാരിച്ചു. ജോയന്റ് സെക്രട്ടറിമാരായ ബീനോ ശിവദാസ്, പി സി ജോണി, ജൂബിലി സി ബി എസ് ഇ സ്കൂൾ പ്രിൻസിപ്പാൾ രേഖ കുറുപ്പ്, മുൻ പ്രസിഡണ്ട് പീറ്റർ ജോർജ് എന്നിവർ വിദ്യാർത്ഥികൾക്ക് സമ്മാന വിതരണം നടത്തി.
വിദ്യാർത്ഥികളുടെ ഉജ്ജ്വല കലാപരിപാടികളോടെ വാർഷികോത്സവം സമാപിച്ചു.