ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേള ആരംഭിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന 219-ാമത് പുഷ്പമേള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തു. ഹോർട്ടികൾച്ചർ വകുപ്പ് മന്ത്രി എസ്.എസ്. മല്ലികാർജുൻ, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി എന്നിവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
കന്നഡ എഴുത്തുകാരനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന കെ.പി. പൂർണചന്ദ്ര തേജസ്വിയ്ക്ക് സമർപ്പിക്കുന്ന മേളയിൽ തേജസ്വി വിസ്മയ എന്ന പേരിൽ അലങ്കാരങ്ങൾ ഒരുക്കിയിട്ടുണ്ട്. ലാൽബാഗിലെ ചരിത്രപ്രസിദ്ധമായ ഗ്ലാസ് ഹൗസിൽ പൂർണചന്ദ്ര തേജസ്വിയുടെ രൂപവും അദ്ദേഹത്തിൻ്റെ രചനകളിലെ പ്രധാന കഥാപാത്രങ്ങളുടെ രൂപങ്ങളും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ തടിയിലുള്ള ശില്പങ്ങൾ അടക്കമുള്ള കൗതുകക്കാഴ്ചകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. പ്രധാന ആകർഷണമായ ഗ്ലാസ് ഹൗസിനുള്ളിലേക്ക് ആർക്കും പ്രവേശനമില്ല.
പുഷ്പമേളയിൽ ആദ്യദിനം തന്നെ ഒട്ടേറെ സന്ദർശകർ എത്തി. ശക്തയമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മേളനടത്തുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ കൂടുതൽ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിൽ 100 രൂപയും മറ്റ് ദിവസങ്ങളിൽ 80 രൂപയുമാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് 30 രൂപയാണ്.