റഷ്യയുമായി എണ്ണ വ്യാപാരത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്കു കനത്ത തിരിച്ചടിയായേക്കാവുന്ന ഉപരോധ ബില്ലിന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് അംഗീകാരം നൽകി. റഷ്യയിൽനിന്നു ക്രൂഡ് ഓയിൽ വാങ്ങുന്ന ഇന്ത്യയെ കൂടാതെ ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ഈ നിയമം നേരിട്ടു ബാധിക്കും. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നാൽ ഈ രാജ്യങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് 500 ശതമാനം വരെ നികുതി നൽകേണ്ടി വരും. വൈറ്റ് ഹൗസിൽ ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ട്രംപ് ബില്ലിനു പൂർണ പിന്തുണ അറിയിച്ചതായി ലിൻഡ്സെ ഗ്രഹാം വ്യക്തമാക്കി.
റഷ്യയിൽനിന്ന് എണ്ണയും യുറേനിയവും വാങ്ങുന്ന രാജ്യങ്ങൾക്കു മേൽ 500 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ അധികാരം നൽകുന്നതാണ് പുതിയ ഉഭയകക്ഷി ബിൽ. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രഹാം-ബ്ലൂമെൻതൽ ഉപരോധ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെൻതലും സംയുക്തമായാണ് ബില്ലിനു രൂപം നൽകിയത്.