റേഷൻ കാർഡ് ഉടമകൾക്ക് 3000 രൂപ പൊങ്കൽ സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ 2. 20 കോടി റേഷൻ കാർഡ് ഉടമകൾക്ക് 3000 രൂപ വീതം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. പഞ്ചസാരയും കരിമ്പും ഒരു കിലോ വീതം അരിയും അടങ്ങുന്ന പൊങ്കൽ കിറ്റിനൊപ്പമാണ് പണവും നൽകുക.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ആണ് സർക്കാർ പ്രഖ്യാപനം. തമിഴ്നാട്ടിലെ ക്യാംപുകളിൽ കഴിയുന്ന ലങ്കൻ അഭയാർത്ഥികൾക്കും പണം നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. പൊങ്കൽ കിറ്റിനൊപ്പം കഴിഞ്ഞ വർഷം പണം നൽകിയിരുന്നില്ല. അതിനു മുൻപുള്ള 3 വർഷവും 1000 രൂപ വീതം നൽകിയിരുന്നു.

248 കോടി രൂപ പൊങ്കൽ സമ്മാന പാക്കേജിനായി അനുവദിച്ചുകൊണ്ട് അടുത്തിടെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജനുവരി 8 ന് പൊങ്കൽ സമ്മാനത്തിന്‍റെ വിതരണോദ്ഘാടനം നടക്കും. അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും പുതിയ പെൻഷൻ പദ്ധതിയും എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. എല്ലാ 6 മാസവും ക്ഷാമബത്തയിൽ വർധനയുണ്ടാകുമെന്നും സർക്കാർ ഉറപ്പ് നൽകി.

Related Posts