ബയപ്പനഹള്ളിയിൽ 37.75 കോടി രൂപ ചെലവിൽ 65 ഏക്കർ വിസ്തൃതിയുള്ള ട്രീ പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി.പാട്ടീൽ. ആകെയുള്ള 105 ഏക്കറിൽ ഏകദേശം 65 ഏക്കർ ബൊട്ടാണിക്കൽ ഗാർഡൻ ശൈലിയിൽ വികസിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഏകദേശം 8,500 മരങ്ങൾ ഈ സ്ഥലത്തുണ്ട്. പദ്ധതിക്കായി ഒരു മരവും മുറിക്കില്ലെന്ന് മന്ത്രി പാട്ടീൽ വ്യക്തമാക്കി. വൈവിധ്യമാർന്ന കൂടുതൽ മരങ്ങൾ വളർത്തും. ഘട്ടം ഒന്ന് എ പ്രകാരമുള്ള ജോലികൾ ആറു മാസത്തിനകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആദ്യ ഘട്ട പ്രവൃത്തികൾക്ക് ആവശ്യമായ 11.50 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കുട്ടിച്ചേർത്തു. എൻ.ജി.ഇ.എഫ് പരിസരത്ത് നിലവിലുള്ള കെട്ടിടങ്ങളും വ്യവസായിക ഷെഡുകളും സുരക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. ഇവയുടെ ഉറപ്പ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) ശാസ്ത്രജ്ഞർ പരിശോധിക്കും. ഇവ നവീകരിച്ച് വീണ്ടും ഉപയോഗിക്കും. കോമ്പൗണ്ടിന് പുറത്ത് ഫാക്ടറി ഉടമസ്ഥതയിലുള്ള 4.5 ഏക്കർ സ്ഥലത്ത് 7,000 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ മൾട്ടി ലെവൽ പാർക്കിങ് സൗകര്യം നിർമിക്കും.
ഇലക്ട്രിക് മോട്ടോർ ഷെഡുകൾ നവീകരിച്ച് കുറഞ്ഞത് 15,000 പേർക്ക് ഇരിക്കാവുന്ന രണ്ട് വലിയ കൺവെൻഷൻ സെൻ്ററുകൾ സ്ഥാപിക്കും. ഇതിൽ സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, സമ്മേളനങ്ങൾ, പൊതു ചടങ്ങുകൾ എന്നിവ നടക്കും. സർക്കാർ നടത്തുന്ന കിറ്റ്സ് ‘ഇന്നോവേഴ്സ്’ എന്ന പേരിൽ സ്റ്റാർട്ടപ്പുകൾക്കായി ലോകോത്തര നിലവാരമുള്ള ശിൽപ പാർക്ക്, ഇൻകുബേഷൻ സെൻ്റർ, ടെക്നോളജി ഇന്നൊവേഷൻ മ്യൂസിയം, എൻ.ജി.ഇ.എഫ് മ്യൂസിയം, ആംഫി തിയറ്റർ എന്നിവ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.