മൈസുരു താലൂക്കിലെ യെൽവാൾ ഹോബ്ലിയിലെ ബൊമ്മനഹള്ളിക്ക് സമീപം 2000 ഏക്കറിൽ ടൗൺഷിപ് പദ്ധതിക്കുള്ള നടപടികൾ മൈസുരു വികസന അതോറിറ്റി (എം.ഡി.എ) ആരംഭിച്ചു. ഷോപ്പിങ് മാളുകൾ, പാർക്കുകൾ, കമ്യൂണിറ്റി ഹാളുകൾ, ബസ് സ്റ്റാൻഡുകൾ, ഡ്രയിനേജ്, വൈദ്യുതി കണക്ഷനുകൾ, വിശാലമായ റോഡുകൾ, തെരുവുവിളക്കുകൾ, ഭുഗർഭ മലിനജല സംവിധാനം, ജലവിതരണം എന്നിവ അടങ്ങിയതാണ് ടൗൺഷിപ്പ്. ബൊമ്മനഹള്ളി, നാഗവാല, കമരവല്ലി, ദൊഡ്ഡമരഗൗഡനഹള്ളി വില്ലേജുകളിലെ ഭൂവുടമകളോട് പദ്ധതിക്ക് സമ്മതം നൽകാൻ കമ്മീഷണർ അഭ്യർഥിച്ചു.
50:50 അനുപാതത്തിൽ കർഷക പങ്കാളിത്ത മാതൃക പിന്തുടരുന്നതാണ് പദ്ധതി. ഭൂമി വിട്ടുകൊടുക്കുന്ന ഭുവുടമകൾക്ക് വികസനം നടന്ന പ്ലോട്ടുകളുടെ 50 ശതമാനം ലഭിക്കും. കഴിഞ്ഞ മാസം 30ന് പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപനത്തിൽ 2015 ഫെബ്രുവരി 11ലെ സർക്കാർ വിജ്ഞാപനം, 2024ലെ എം.ഡി.എ നിയമത്തിലെ സെക്ഷൻ 40, 41, കർണാടക നഗര വികസന അതോറിറ്റി നിയമം എന്നിവ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എം.ഡി.എ കമ്മീഷണർ കെ.ആർ. രക്ഷിത് പറഞ്ഞു.

Related Posts