ബെംഗളൂരുവിൻ്റെ വികസനത്തിനായി വമ്പൻ പദ്ധതികളാണ് കർണാടക സർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇവിടത്തെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് പ്രധാന ലക്ഷ്യം. വൻകിട കമ്പനികളും ഐടി പാർക്കുകളും പ്രവർത്തിക്കുന്ന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റോഡുകൾ, തുരങ്കപാത, ഡബിൾ ഡെക്കർ ഫ്ലൈഓവറുകൾ എന്നീ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് കർണാടക സർക്കാർ. ഏറെ തിരക്കുള്ള സിൽക്ക് ബോർഡ് ജങ്ഷനും കെആർ പുരം മെട്രോ സ്റ്റേഷനും ഇടയിലുള്ള 17 കിലോമീറ്റർ ഭാഗം വികസിപ്പിക്കാൻ സർക്കാർ ഇനിനോടകം അനുമതി നൽകിക്കഴിഞ്ഞു.
455 കോടി രൂപ ഏകദേശ ചെലവായി കണക്കാക്കുന്ന പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാരും ബാക്കി തുക ബെംഗളൂരു മുനിസിപ്പൽ കോർപറേഷനുകൾ പങ്കിട്ട് ചെലവഴിക്കും. നിർദിഷ്ട കോറിഡോർ രണ്ട് പാക്കേജുകളായി തിരിച്ചിട്ടുണ്ട്. 5.5 കിലോമീറ്റർ ദൈർഘ്യമുള്ള സിൽക്ക് ബോർഡ് – ഇബ്ലൂർ ജങ്ഷൻ ഭാഗമാണ്. ഇതിന് 145 കോടി രൂപ ചെലവ് വരും. ഇതാണ് ആദ്യത്തെ പാക്കേജ്. രണ്ടാമത്തെ പാക്കേജ് 310 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്ന 11.5 കിലോമീറ്റർ ദൈർഘ്യമുള്ള ഇബ്ലൂർ ജങ്ഷൻ – കെ ആർ പുരം ഭാഗമാണ്.
കെആർ പുരം – സിൽക്ക് ബോർഡ് പാത ബംഗളൂരുവിലെ ഏറ്റവും തിരക്കേറിയ വഴികളിൽ ഒന്നാണ്. ഒട്ടേറെ മെട്രോ സ്റ്റേഷനുകളും ഐടി ഹബ്ബുകളും ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. റോഡ് മെച്ചപ്പെടുത്തുന്നതിനോടൊപ്പം ബസ് യാത്രക്കാർക്കായി പ്രത്യേക പാതയും ഒരുക്കും. സൈക്കിൾ പാതകൾ നിർമിക്കുക, ജങ്ഷനുകളിൽ വൈറ്റ് ടോപ്പിങ് നടത്തുക, കാൽനട പാതകൾ നവീകരിക്കുക, ഓവർഹെഡ് ഗാൻട്രികളും സൈനേജുകളും സ്ഥാപിക്കുക, വെള്ളക്കെട്ട് ഒഴിവാക്കാൻ താഴ്ന്ന പ്രദേശങ്ങളിൽ വെർട്ടിക്കൽ ഗ്രേറ്റിങ്ങുകൾ സ്ഥാപിക്കുക, നൂതന ട്രാഫിക് മാനേജ്മെന്റ് സംവിധാനങ്ങൾ ഏർപ്പെടുത്തുക, യൂട്ടിലിറ്റി ഡക്ടുകൾ നിർമിക്കുക, റോഡ് സൗന്ദര്യവൽക്കരിക്കുക തുടങ്ങിയ ജോലികളും ഈ പദ്ധതിയുടെ ഭാഗമാണ്.
ബംഗളൂരു സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് പദ്ധതി നടപ്പാക്കുന്നത്. ഈ മാസം ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.