റയിൽവേയുടെ പുതുക്കിയ ടിക്കറ്റ് നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും. 600 കോടി രൂപയുടെ അധിക വരുമാനമാണ് നിരക്ക് വർധനവോടെ റയിൽവേയ്ക്ക് ലഭിക്കുക. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടാം തവണയാണ് ടിക്കറ്റ് നിരക്കുയരുന്നത്. നോൺ എസി കോച്ചിലെ യാത്രയ്ക്ക് 500 കിലോ മീറ്ററിന് 10 രൂപ അധികം നൽകേണ്ടി വരും. മെയിൽ, എക്സ്പ്രസ് വിഭാഗങ്ങളിലെ നോൺ എസി, എസി കോച്ചിലെ നിരക്ക് കിലോമീറ്ററിന് രണ്ട് പൈസ ഉയരും. 215 കിലോമീറ്ററിൽ കൂടുതലുള്ള ജനറൽ ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് ഒരു പൈസയാണ് വർധിപ്പിച്ചത്. മെയിൽ/ എക്സ്പ്രസ് നോൺ – എസി, എസി ക്ലാസുകൾക്ക് കിലോമീറ്ററിന് 2 പൈസയും വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, 215 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വർധനയില്ല.
നേരത്തെ ബുക്ക് ചെയ്തവരാണെങ്കിൽ അധികതുകയൊന്നും നൽകേണ്ടതില്ല. ഡിസംബർ 26ന് ശേഷമുള്ള യാത്രയ്ക്ക് നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുള്ളവർക്ക് അധിക തുക നൽകാതെ യാത്ര ചെയ്യാം. എന്നാൽ 26 മുതൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന ടിക്കറ്റിനും ടിടിഇ അനുവദിക്കുന്ന ടിക്കറ്റിനും ഉയർന്ന നിരക്ക് നൽകേണ്ടി വരും.
പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നതോടെ നോൺ-എസി അല്ലെങ്കിൽ എസി കോച്ചുകളിൽ 500 കിലോമീറ്റർ സഞ്ചരിക്കാൻ 10 രൂപ അധികമായി നൽകേണ്ടി വരും. അതേസമയം, സബർബൻ, സീസൺ ടിക്കറ്റുകളുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. ഇടത്തരം വരുമാനമുള്ള വിഭാഗത്തിന് താങ്ങാനാവുന്ന ടിക്കറ്റ് വില നിലനിർത്താനായാണിത്.