വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ബിൽ കർണാടക നിയമസഭയിൽ പാസാക്കി. ആദ്യമായാണ് രാജ്യത്ത് ഇത്തരത്തിൽ ബിൽ പാസാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 7 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. പ്രതിപക്ഷത്തിൻ്റെ ബഹളത്തിനിടെയാണ് ബിൽ പാസാക്കിയത്.
ഡിസംബർ 4ന് മന്ത്രിസഭ ബിൽ അംഗീകരിച്ചിരുന്നു.ഡിസംബർ 10നാണ് ആഭ്യന്തരമന്ത്രി ജി.പരമേശ്വര സഭയിൽ ബിൽ അവതരിപ്പിച്ചത്. ഒരു സമുദായത്തിനെതിരെയോ, ഒരു വർഗത്തിനെതിരെയോ, ജീവിച്ചിരിക്കുന്നതോ മരണപ്പെട്ടതോ ആയ ഏതെങ്കിലും വ്യക്തിക്കെതിരെയോ, ഒരു കൂട്ടം ആളുകൾക്കെതിരെയോ വെറുപ്പ്, വൈരാഗ്യം, വിദ്വേഷം, ശത്രുത എന്നിവ സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടെ വാക്കുകളിലൂടെയോ (സംസാരവും എഴുത്തും) അടയാളങ്ങളിലൂടെയോ ദൃശ്യ പ്രതിനിധാനങ്ങളിലൂടെയോ ഇലക്ട്രോണിക് ആശയവിനിമയത്തിലുടെയോ മറ്റേതെങ്കിലും വിധത്തിലോ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ഈ നിയമപ്രകാരം വിദ്വേഷ പ്രസംഗമാണ്.