കർണാടകയിൽ കന്നഡ ഭാഷ പഠനം നിർബന്ധമാക്കിയ നിയമം ലംഘിച്ചതിന് സ്കൂളുകൾക്കെതിരെ നടപടി. കന്നഡ ഭാഷാ പഠന നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കന്നഡ ഒന്നാം ഭാഷയോ രണ്ടാം ഭാഷയോ ആയി പഠിപ്പിക്കണമെന്നത് നിർബന്ധമാണ്. ഈ നിയമം ലംഘിച്ചതിനാണ് സ്കൂളുകൾക്കെതിരേ നടപടി. നിയമം ലംഘിച്ച ബംഗളൂരുവിലെ രണ്ട് സ്കൂളുകൾക്കാണ് പിഴ ചുമത്തിയത്.

2017 മുതൽ കന്നഡ ഭാഷാ നിയമം കർണാടകയിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ബംഗളൂരു സൗത്ത് ജില്ലയിലെ ദൊമ്മസാന്ദ്രയിലെയും ദൊഡ്ഡ കന്നഹള്ളിയിലെയും സ്വകാര്യ സ്കൂളുകൾക്കെതിരെയാണ് നടപടി.

ബി.ജെ.പി. അംഗം എൻ രവി കുമാർ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ ഇക്കാര്യം അറിയിച്ചത്. ഐസിഎസ്ഇ, ഐജിസിഎസ്ഇ, ഐബി, സിബിഎസ്ഇ ബോർഡുകളിൽപ്പെട്ട സ്കൂളുകളിൽ കന്നഡ പഠനം നടക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ സ്കൂളുകളിൽ കന്നഡ ഒന്നാം ഭാഷയോ രണ്ടാം ഭാഷയോ ആയി പഠിപ്പിക്കണമെന്ന് നിയമം അനുശാസിക്കുന്നു. സ്കൂളുകൾക്ക് അംഗീകാരം പുതുക്കി കിട്ടാൻ ഈ നിയമം പാലിക്കുന്നുണ്ടെന്ന ഉറപ്പ് നൽകേണ്ടതുണ്ട്. അതെസമയം സർക്കാർ വെറും രണ്ട് സ്കൂളുകൾക്കെതിരെ മാത്രമാണ് നടപടിയെടുത്തതെന്ന് ബിജെപി അംഗം എൻ രവി കുമാർ പറഞ്ഞു. പല ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകളിലും കന്നഡ പഠിപ്പിക്കുന്നില്ലെന്നും കുട്ടികൾക്ക് കന്നഡ വായിക്കാൻ പോലും ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരാതി ലഭിക്കുമ്പോൾ നിയമം ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

Related Posts