നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധിയിൽ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സർക്കാർ അപ്പീലിന് തയ്യാറെടുക്കുന്നു. ക്രിസ്തുമസ് അവധിക്ക് ശേഷം ഹൈക്കോടതിയിൽ അപ്പീൽ ഹർജി സമർപ്പിക്കാനാണ് നിയമവകുപ്പിൻ്റെ തീരുമാനം. ഗൂഢാലോചന കുറ്റം തെളിയിക്കുന്നതിൽ വിചാരണക്കോടതിയുടെ കണ്ടെത്തലുകളിൽ പിഴവുണ്ടെന്നും, പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത്.
എട്ടാം പ്രതി ദിലീപിനെ ഉൾപ്പെടെയുള്ളവരെ ഗൂഢാലോചന കുറ്റത്തിൽ നിന്ന് ഒഴിവാക്കിയതും ഒന്നാം പ്രതി പൾസർ സുനിക്ക് കേസിൽ ജീവപര്യന്തം തടവ് ലഭിക്കാത്തതും, പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. വിശദമായി വിധിപ്പകർപ്പ് പരിശോധിച്ച ശേഷം അപ്പീൽ നൽകാൻ അഡ്വക്കേറ്റ് ജനറലിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.