ഓസ്ട്രേലിയലിലെ ബോണ്ടി കടൽത്തീരത്ത് ജൂതവിഭാഗത്തിൻ്റെ ഹനുക്ക ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിന് പിന്നിൽ അച്ഛനും മകനുമാണെന്ന് പോലീസ്. ആക്രമണം നടത്തിയ 50 വയസ്സുകാരനെയും മകനെയും ന്യൂ സൗത്ത് വെയിൽസ് പോലീസ് തിരിച്ചറിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പിൽ 15 പേർ കൊല്ലപ്പെടുകയും 40-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
50 വയസ്സുകാരനായ അക്രമി പോലീസിൻ്റെ വെടിയേറ്റ് സംഭവസ്ഥലത്ത്തന്നെ മരിച്ചു. മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെപ്പ് നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് സ്ഫോടകവസ്തുക്കൾ പോലീസ് കണ്ടെത്തിയിരുന്നു. തീവ്രവാദ ആക്രമണമായി കണ്ടാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഏതെങ്കിലും ഭീകര സംഘടനകളുടെ സ്വാധീനമുണ്ടോ എന്ന് പോലീസ് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. നിലവിൽ മറ്റാരും ആക്രമണത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് പോലീസിൻ്റെ പറയുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം തുടരുമെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് കമ്മീഷണർ മാൽ ലാൻയോൺ അറിയിച്ചു.