ഫെബ്രുവരി 10 മുതൽ നടക്കുന്ന എയ്‌റോ ഇന്ത്യ 2025ന് മുന്നോടിയായുള്ള സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകളുടെ ഭാഗമായി യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷൻ പരിസരത്ത് ഇറച്ചിക്കടകൾ, നോൺ വെജിറ്റേറിയൻ ഭക്ഷണ വിൽപന, ക്രെയിൻ പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് ബൃഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) നിയന്ത്രണം ഏർപ്പെടുത്തി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി.

എയർബേസിൻ്റെ 13 കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ മാംസ-മത്സ്യ സ്റ്റാളുകളും നോൺ-വെജിറ്റേറിയൻ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും 2025 ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെ അടച്ചിരിക്കണം. നോൺ വെജിറ്റേറിയൻ വിഭവങ്ങളുടെ വിൽപ്പനയും ഈ കാലയളവിൽ കർശനമായി നിരോധിച്ചിരിക്കുന്നു.

കൂടാതെ, ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 14 വരെ എയർബേസിൻ്റെ 10 കിലോമീറ്റർ ചുറ്റളവിൽ ക്രെയിനുകളുടെ ഉയരം കുറയ്ക്കാനും നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടങ്ങളിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനും ബിൽഡർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 14 വരെ ആണ് എയ്‌റോ ഇന്ത്യ 2025.

Related Posts