ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്നേഹ (32) ആണ് മരിച്ചത്. പൊറുത്തുശേരി വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റാണ് സ്നേഹ. ഇന്ന് രാവിലെ ഒമ്പതരയോടെ ഊരകം ലക്ഷംവീട് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം.
നിർത്തിയിട്ടിരുന്ന ബസിനെ മറികടന്നുവന്ന റീബോണ്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്നേഹയുടെ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിൻ്റെ പിൻചക്രം സ്നേഹയുടെ തലയിലൂടെ കയറിയിറങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം നടന്നയുടൻ ബസ് ജീവനക്കാർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. അപകടത്തില്‍ സ്കൂട്ടറിൻ്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്.