ബസില്‍ കോളേജ് വിദ്യാർത്ഥിനിക്ക് നേരെ കർണാടക ആർടിസി കണ്ടക്ടറുടെ അതിക്രമം. കണ്ടക്ടർ മോശമായി സ്പർശിച്ചത് ചോദ്യം ചെയ്ത വിദ്യാർത്ഥിനിയെ അസഭ്യം പറയുകയും ബസില്‍ നിന്ന് ഇറക്കിവിടുകയുമായിരുന്നു. ഇന്ന് രാവിലെ കാസർകോടിനടുത്താണ് സംഭവം.
കണ്ടക്ടർക്കൊപ്പം ഡ്രൈവറും കൂടി ചേർന്നാണ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്. തുടർന്ന്, ബസ് സ്റ്റോപ്പ് പോലുമില്ലാത്ത സ്ഥലത്ത് ഇരുവരും ചേർന്ന് പെണ്‍കുട്ടിയെ ഇറക്കി വിടുകയായിരുന്നു. സംഭവ സമയത്ത് ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരാരും ഇടപെടാൻ തയ്യാറായില്ലെന്നാണ് വിവരം.
കർണാടക ആർടിസി ബസില്‍ സ്ഥിരമായി പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥിനിയാണ് ദുരനുഭവത്തിന് ഇരയായത്. മുൻപും ഈ കണ്ടക്ടർ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് വിദ്യാർത്ഥിനി പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.