മൈസൂർ ജില്ലയിലെ സരഗൂർ താലൂക്കിൽ കർഷകനെ കൊന്ന കടുവയെയും കുഞ്ഞുങ്ങളെയും വനംവകുപ്പ് പിടികൂടി. ഒക്ടോബർ 26-ന് കർഷകനായ രാജശേഖറിനെ (65) കടിച്ചുകൊന്ന കടുവയെയാണ് വനംവകുപ്പ് ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിൽ ഇന്നലെ പുലർച്ചെ മുള്ളൂർ പഞ്ചായത്തിൽനിന്ന് പിടികൂടിയത്. 10 വയസ്സുള്ള കടുവയെയും മൂന്ന് കുഞ്ഞുങ്ങളെയുമാണ് പിടികൂടിയത്. കടുവയെ നിരീക്ഷിക്കാൻ, തെർമൽ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത് കടുവയുടെ നീക്കങ്ങൾ കൃത്യമായി കണ്ടെത്താൻ സഹായിച്ചു കടുവയെ കണ്ടെത്തിയശേഷം പരിശീലനം ലഭിച്ച ഭീമ, മഹേന്ദ്ര, സുഗ്രീവ, പ്രശാന്ത എന്നീ ആനകളുടെ സഹായത്തോടെയാണ് കീഴടക്കിയത്. കടുവയെ കണ്ട സ്ഥലത്തിൻ്റെ അടുത്ത്നിന്നാണ് കുഞ്ഞുങ്ങളെയും പിടികൂടിയത്. കടുവയെയും കുഞ്ഞുങ്ങളെയും ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ഇതോടെ പ്രദേശത്ത് ആകെ 11 കടുവകളെയും അവയുടെ കുഞ്ഞുങ്ങളെയും പിടികൂടി.
കർഷകനെ കൊന്നതിനുശേഷവും കുറച്ചുദിവസങ്ങളായി കടുവ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കന്നുകാലികളെയും കടുവ കൊന്നിരുന്നു. തുടർന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എസ്. പ്രഭാകറിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ദൗത്യത്തിലൂടെയാണ് കടുവയെ പിടികൂടിയത്.