മലയാളി വിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നു. കെങ്കേരിയിൽ ആർആർ നഗറിന് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം കണ്ണൂർ, ഇടുക്കി സ്വദേശികളായ മൂന്ന് മലയാളി വിദ്യാർഥികൾ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ എത്തി അജ്ഞാതൻ തടഞ്ഞു നിർത്തുകയും വടിവാൾ വീശി ഭയപ്പെടുത്തുകയും പിന്നീട് ഇവരുടെ മൊബൈൽ ഫോൺ തട്ടിയെടുത്തതിന് ശേഷം കടന്നുകളയുകയുമായിരുന്നു.
ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർഥികളായ മൂന്ന് പേരും പഠനത്തിൻ്റെ ഭാഗമായ പരിശീലനത്തിനായി ഒരു സ്ഥാപനത്തിൽ പ്രവർത്തിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് മധ്യവയസ്കനായ ഒരാൾ തടഞ്ഞു നിർത്തിയത്. ഇയാൾ വടിവാൾ വീശിയപ്പോൾ ഒരാൾ റോഡിലേക്ക് വീണു. പിന്നീട് മൂന്ന് പേരിൽ നിന്നും മൊബൈൽ വാങ്ങി കടന്നു കളഞ്ഞു. വിദ്യാർഥികൾ പിന്നീട് കെങ്കേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽക്കുകയായിരുന്നു.
ഇതിനിടെ കാണാതായ ഒരു ഫോണിലേക്ക് വിളിച്ചപ്പോൾ കോൾ എടുത്തയാൾ പണം നൽകാമെങ്കിൽ ഫോൺ തിരികെ നൽകാമെന്ന് പറഞ്ഞു. ഇവർ പറഞ്ഞ സ്ഥലത്ത് പോലീസിന് ഒപ്പമെത്തിയെങ്കിലും അക്രമി എത്തിയില്ല. പോലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥികൾ പറഞ്ഞു.