ചിക്കമഗളൂരുവിൽ നരസിംഹരാജപുര താലൂക്കിലെ ധവാനയ്ക്കു സമീപം കാറിനുനേരെ കാട്ടാനയുടെ ആക്രമണം. കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിൽ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എൻആർ പുരയിൽനിന്ന് ആടുവള്ളിയിലെക്ക് പോകുമ്പോൾ രണ്ട് ആനകൾ റോഡ് മുറിച്ചുകടക്കുകയായിരുന്നു.
ആനകളെ കണ്ട് കാർ നിർത്തിയെങ്കിലും മസ്തകംകൊണ്ട് കാറിൽ ഇടിക്കുകയായിരുന്നു. കാറിൻ്റെ ലൈറ്റ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആന ആക്രമണത്തിൽനിന്ന് പിന്തിരിഞ്ഞത്.
നാലോ അഞ്ചോ ആനകളുടെ ഒരു കൂട്ടം പ്രദേശത്ത് ചുറ്റിത്തിരിയുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ശൃംഗേരി എംഎൽഎ ടി.ഡി. രാജഗൗഡ അടിയന്തരനടപടി സ്വീകരിക്കാൻ വനംമന്ത്രി ഈശ്വർ ബി. ഖന്ദ്രയോട് ആവശ്യപ്പെട്ടു.