ഹൈക്കമാൻഡിനെതിരെ ഒളിയമ്പുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം. പി ശശി തരൂർ. ബിഹാറിലെ പരാജയത്തിന് വിവിധ ഘടകങ്ങള്‍ ഉണ്ട്. എവിടെയാണ് തെറ്റുപറ്റിയതെന്ന് കണ്ടുപിടിക്കണം. കോണ്‍ഗ്രസിൻ്റെ സംഘടനാ ദൗർബല്യങ്ങളുണ്ട്. പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ട്. അവയെല്ലാം തീർച്ചയായും പരിശോധിക്കപ്പെടണം.
പ്രചരണത്തില്‍ നേരിട്ട് പങ്കാളികളായവർ കാരണങ്ങള്‍ വിശദീകരിക്കണമെന്നും തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തരൂരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സൻ രംഗത്തെത്തി. തരൂർ തലമറന്ന് എണ്ണതേക്കുകയാണെന്ന് എം എം ഹസ്സൻ പറഞ്ഞു. സമൂഹത്തിന് വേണ്ടി വിയർപ്പ് പൊഴിക്കാത്ത ആളാണ്. നെഹ്റു കുടുംബത്തിൻ്റെ ഔദാര്യത്തിലാണ് തരൂർ കോണ്‍ഗ്രസില്‍ എത്തിയത്. നെഹ്റു കുടുംബത്തെ തരൂർ വിമർശിച്ചതാണ് ഹസ്സനെ ചൊടിപ്പിച്ചത്.