തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ‘ഡ്യൂഡ്’ എന്ന സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം നവംബർ 14-ന് നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസ് ചെയ്യും. ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് റിലീസിനെത്തുക. ദീപാവലി റിലീസായി വന്ന ഡ്യൂഡിൽ പ്രദീപ് രംഗനാഥനും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. കീർത്തിശ്വരൻ ആണ് സംവിധാനം.
ആർ. ശരത്കുമാർ, രോഹിണി, ഹ്രിധു ഹാരൂൺ, ഐശ്വര്യ ശർമ്മ, ദ്രാവിഡ് സെൽവം, നേഹ ഷെട്ടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സായി അഭ്യങ്കറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദീപാവലി സമയത്ത് റിലീസ് ചെയ്ത ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. റിലീസിന് പിന്നാലെ വെറും 10 ദിവസം കൊണ്ട് 100 കോടി രൂപയാണ് ചിത്രം നേടിയത്. പ്രദീപ് രംഗനാഥൻ്റെ തുടർച്ചയായ മൂന്നാമത്തെ 100 കോടി ക്ലബ്ബാണിത്.