ബെംഗളൂരു കേരള ആർടിസിയുടെ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് ബെംഗളൂരുവിൽനിന്നു തിരുവനന്തപുരത്തേക്കു നാളെമുതൽ സർവീസ് ആരംഭിക്കും. ഇതോടെ ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ കേരള ആർടിസിയുടെ സ്ലീപ്പർ ബസുകളുടെ എണ്ണം നാലാകും.
വൈകിട്ട് 5.30ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് സേലം, പാലക്കാട്, കോട്ടയം, കൊട്ടാരക്കര വഴി രാവിലെ 8.40ന് തിരുവനന്തപുരത്തെത്തും. വൈകിട്ട് 5.30നു തിരുവനന്തപുരത്ത് നിന്ന് പുറ പ്പെട്ട് രാവിലെ 7.55ന് ബെംഗളൂരുവിലെത്തും. 2151 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം – ബെംഗളൂരു സർവീസ് ഇന്ന് ആരംഭിക്കും. കേരള ആർടിസിയുടെ ബസുകളിൽ സുരക്ഷയിലും സൗകര്യത്തിനും മുൻപിലുള്ള വോൾവോ 9600 എസ്എൽഎക്സ് സീരീസിലെ ബസാണ് സർവീസിന് ഉപയോഗിക്കുന്നത്.