കർണാടകത്തിലെ ജാതിസർവേയിൽ ഓൺലൈനിൽ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. ഇത് നാലാമത്തെ തവണയാണ് സർവേയുടെ സമയപരിധി നീട്ടുന്നത്. നവംബർ 30 വരെ വെബ് സൈറ്റ് (https://kscbcselfdeclaration.karnataka.gov.in) മുഖേന വിവരങ്ങൾ നൽകാമെന്ന് പിന്നാക്ക കമ്മിഷൻ അറിയിച്ചു. നേരിട്ട് വീടുകളിലെത്തിയുള്ള വിവരശേഖരണം അവസാനിപ്പിച്ചെങ്കിലും ഓൺലൈൻ മുഖേനയുള്ള വിവരശേഖരണം നവംബർ 10 വരെ അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ 30 വരെ നീട്ടിയത്.
സെപ്റ്റംബർ 22-ന് ആരംഭിച്ച സർവേ ഒക്ടോബർ ഏഴിന് പൂർത്തിയാക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പിന്നീട് ഒക്ടോബർ 19-ലേക്ക് നീട്ടി. അതിനുശേഷം ഒക്ടോബർ 31 വരെ നീട്ടി.