എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂർ മലയാളികളുടെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്‌പ്രസ് സർവീസ് തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ഇതിൻ്റെ ഭാഗമായി നടക്കും.

രാവിലെ 5.10 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. 2.20ന് പുറപ്പെട്ട് രാത്രി 11.00 ന് ബെംഗളൂരുവിൽ എത്തും. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, സേലം കൃഷ്ണരാജപുരം എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകൾ. ഏകദേശം 630 കിലോമീറ്റർ ദൈർഘ്യം എട്ട് മണിക്കൂറിനുള്ളിൽ സഞ്ചരിക്കാൻ ഈ പുതിയ എക്സ്‌പ്രസ് ട്രെയിനിന് സാധിക്കും. എറണാകുളം-ബെംഗളൂരു റൂട്ടിലെ യാത്ര എളുപ്പമാക്കുന്നതിന് ഈ വന്ദേഭാരത് എക്സ്‌പ്രസ് സഹായകമാകും.

എറണാകുളം–ബെംഗളൂരു വന്ദേ ഭാരത് എക്‌സ്‌പ്രസ് യാത്രാ സമയം രണ്ട് മണിക്കൂറിലധികം കുറയ്ക്കും. ഏകദേശം 8 മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കും. ശക്തമായ സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങളുള്ള കേരളം, തമിഴ്‌നാട്, കർണാടക എന്നീ മൂന്ന് പ്രധാന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഇത് ബന്ധിപ്പിക്കും.

പ്രധാനപ്പെട്ട ഐടി, വ്യാവസായിക കേന്ദ്രങ്ങൾക്കിടയിൽ വേഗമേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നതിലൂടെ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും ഈ ട്രെയിൻ പ്രയോജനകരമാകും.

വൈകീട്ട് 4.30-ന് കെആർപുരത്ത് എത്തുന്ന വന്ദേഭാരതിന് ഉജ്ജ്വല വരവേൽപ്പ് നൽകുമെന്ന് കേരള സമാജം ബാംഗ്ലൂർ പ്രസിഡണ്ട് എം.ഹനീഫ്, ജനറൽ സെക്രട്ടറി റെജികുമാർ എന്നിവർ അറിയിച്ചു.

Related Posts