വിതുരയിൽ മകൻ്റെ ചോറൂണ് ദിവസം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരയത്തുംപാറ സ്വദേശി അമൽ കൃഷ്ണനാണ് മരിച്ചത്. കടബാദ്ധ്യത മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
കൂട്ടുകാർക്കൊപ്പം നടത്തുന്ന ടർഫിനടുത്തു പഴയ കെട്ടിടത്തിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്തുനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് അമലിൻ്റെ മകൻ്റെ ചോറൂണ് ചടങ്ങുകൾ നടക്കാനിരിക്കെയാണ് സംഭവം. ചടങ്ങിൻ്റെ ഭാഗമായി അമലിൻ്റെ വീട്ടുകാർ അടുത്തുള്ള ഗുരുമന്ദിരത്തിൽ പോയിരുന്നു. യുവാവ് ഇവർക്കൊപ്പം എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മരണവിവരം അറിഞ്ഞത്. അമലും ആറു സുഹൃത്തുക്കളും ചേർന്നാണ് ടർഫ് നടത്തിയിരുന്നത് ലക്ഷങ്ങളുടെ കടബാദ്ധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.