ടിവി കാണാനെന്നു പറഞ്ഞ് വീട്ടിലെത്തി, വീട്ടമ്മയെ കൊലപ്പെടുത്തി താലിമാല കവര്‍ന്ന സംഭവത്തിൽ വാടകക്കാരായ ദമ്പതിമാര്‍ പിടിയില്‍. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. ബെംഗളൂരു ഉത്തരഹള്ളിയില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികളായ പ്രസാദ് ശ്രീസെയ്ല്‍(26), ഭാര്യ സാക്ഷി ഹനമന്ത(23) എന്നിവരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. കോട്ടേണ്പേട്ടിലെ ഫാക്ടറി ജീവനക്കാരനായ അശ്വത് നാരായണൻ്റെ ഭാര്യ ശ്രീലക്ഷ്മിയെയാണ് ദമ്പതിമാര്‍ കൊലപ്പെടുത്തിയത്.
അശ്വതിൻ്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് പ്രതികള്‍. തിങ്കളാഴ്ച അശ്വത് ജോലി കഴിഞ്ഞെത്തിയപ്പോളാണ് ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
തിങ്കളാഴ്ച അശ്വത് ജോലിക്ക് പോയതോടെ ഭാര്യ ശ്രീലക്ഷ്മി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനിടെയാണ് വാടകക്കാരായ ദമ്പതിമാര്‍ ടിവി കാണാനെന്ന വ്യാജേന ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശ്രീലക്ഷ്മിയെ മുഖത്ത് തലയണ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീലക്ഷ്മിയുടെ സ്വര്‍ണമാലയും പ്രതികള്‍ കവര്‍ന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് വാടകക്കാരായ ദമ്പതിമാര്‍ ശ്രീലക്ഷ്മിയെ കാണാനെത്തിയതായി കണ്ടെത്തിയിരുന്നു. ഇതോടെ രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് ഇവര്‍ കുറ്റംസമ്മതിച്ചത്.