നടൻ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി വീണ്ടും വിവാദത്തില്‍. മുൻകൂർ അനുമതിയില്ലാതെ സ്‌കൂട്ടർ റാലി നടത്തിയതിന് ടിവികെയുടെ 40 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. വഴിയോര കച്ചവടക്കാർക്ക് കുടകള്‍ വിതരണം ചെയ്യുന്ന പരിപാടിക്ക് മുന്നോടിയായാണ് ടിവികെ റാലി സംഘടിപ്പിച്ചത്.
ഗതാഗത തടസമുണ്ടാക്കുക, അനുമതിയില്ലാതെ സംഘം ചേരുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്. കരൂർ ദുരന്തത്തില്‍ വിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് ടിവികെ പാർട്ടി പുതിയ കേസില്‍ പെട്ടിരിക്കുന്നത്. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ് കേസ്. സെപ്തംബർ 27നായിരുന്നു 41 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തമുണ്ടായത്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് എല്ലാ മാസവും 5000 രൂപവീതം നല്‍കുമെന്ന് ടിവികെ പ്രഖ്യാപിച്ചിരുന്നു. കുടുംബത്തിന് മെഡിക്കല്‍ ഇൻഷുറൻസ് ഏർപ്പെടുത്തും. ഇരകളുടെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുമെന്നും ടിവികെ അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കുകയും ചെയ്തു.
വിജയ്, മഹാബലിപുരം പൂഞ്ചേരിയിലെ ഹോട്ടലില്‍ വച്ച് കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ ഉറ്റവരെ കണ്ടിരുന്നു. ദുരന്തബാധിതരെ ഹോട്ടലില്‍ എത്തിച്ച് കണ്ടതില്‍ വിജയ്‌ക്കെതിരെ പാർട്ടിക്കുള്ളില്‍ കടുത്ത് അതൃപ്തി ഉയർന്നു. ദുരന്തബാധിതരെ വിളിച്ചുവരുത്തി സഹായം വാഗ്ദാനം ചെയ്യുന്നത് യഥാർത്ഥ നേതാവിന് ചേർന്ന പ്രവർത്തിയല്ലെന്നായിരുന്നു ആക്ഷേപം ഉയർന്നത്.