കബ്ബൻ പാർക്കിലെ പിക്നിക് നിരോധനം പുനഃപരിശോധിക്കണമെന്ന് ബംഗളൂരു നിവാസികൾ ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകമാറിനോട് അഭിപ്രായപ്പെട്ടു. കബ്ബൻ പാർക്കിൽ നടത്തിയ വോക് വിത്ത് ബംഗളൂരു പരിപാടിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കബ്ബൻ പാർക്കിൽ അടുത്തിടെയാണ് പിക്നിക് നിരോധനം ഏർപ്പെടുത്തിയത്. നഗരത്തിൻ്റെ തിരക്കുകളിൽ നിന്നകന്ന് കുടുംബവുമൊത്ത് സമയം ചെലവിടുന്ന ഇടമാണ് കബ്ബൻ പാർക്ക്. പാർക്കിൽ പിക്നിക്കുകൾ നടത്താൻ അനുമതി നൽകണമെന്നും ഇതിനായി പാർക്കിൽ പ്രത്യേക സ്ഥലങ്ങൾ അനുവദിക്കുകയും ചെറിയ തുക ഏർപ്പെടുത്തുകയും വേണമെന്നും ഒരു പ്രദേശവാസി ആവശ്യപ്പെട്ടു. നഗരവാസികൾക്ക് പ്രകൃതിയുമായി ഇടപഴകാൻ ബംഗളൂരുവിൽ കുറച്ച് സ്ഥലങ്ങൾ മാത്രമേയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ പാർക്കിൽ പിക്നിക്കുകൾ അനുവദനീയമല്ല. ആളുകൾ കൂട്ടത്തോടെ വന്നിരുന്ന് പുല്ലിന് കേടുപാടുകൾ വരുത്തുകയും മാലിന്യം അടി ഞ്ഞുകൂടുകയും ചെയ്യുന്നു എന്ന് ഹോർട്ടികൾചർ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. ഹോർട്ടികൾചർ വകുപ്പിന് ബജറ്റിൽ എട്ട് കോടി രൂപ അനുവദിച്ചിട്ടും മതിയായ പരിപാലനം നൽകുന്നില്ലെന്നാണ് പരാതി.
പ്രശ്നം പരിഗണിക്കാമെന്നും പൊതുജനങ്ങൾക്ക് പാർക്ക് സൗജന്യമായി ഉപയോഗിക്കാമെന്നും ഇതിനായി ഫീസ് ഏർപ്പെടുത്തില്ലെന്നും വോക് വിത്ത് ബംഗളൂരു പരിപാടിയിൽ ഉപമുഖ്യമന്ത്രി മറുപടി നൽകി.