ദീപാവലി ആശംസ നേര്‍ന്നതിന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് നന്ദി ആശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും യുഎസും പ്രതീക്ഷകൊണ്ട് ലോകത്തെ പ്രകാശപൂരിതമാക്കുന്നത് തുടരട്ടെ എന്നും പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു. താരിഫ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള ബന്ധം, ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ അവകാശവാദം തുടങ്ങിയവയുടെ പേരിലെല്ലാം ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കേ ആണ് മോദിയുടെ പുതിയ പോസ്റ്റ്.

‘പ്രസിഡണ്ട് ട്രംപ്, താങ്കളുടെ ഫോണ്‍ കോളിനും ഊഷ്മളമായ ദീപാവലി ആശംസകള്‍ക്കും നന്ദി. ഈ ദീപങ്ങളുടെ ഉത്സവത്തില്‍, നമ്മുടെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളും പ്രതീക്ഷകൊണ്ട് ലോകത്തെ പ്രകാശപൂരിതമാക്കുന്നതും ഭീകരതയ്‌ക്കെതിരേയും ഒറ്റക്കെട്ടായി നിലകൊള്ളുന്നതും തുടരട്ടെ’, മോദി എക്‌സില്‍ കുറിച്ചു.

നേരത്തേ, വൈറ്റ് ഹൗസില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഭാഗമായി ഓവല്‍ ഓഫീസില്‍ വിളക്ക് കൊളുത്തി ട്രംപ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നിരുന്നു. അന്ധകാരത്തിനും തിന്മയ്ക്കും മേലുള്ള പ്രകാശത്തിൻ്റെയും വിജയത്തിൻ്റെയും ഓര്‍മപ്പെടുത്തലാണ് ഈ ഉത്സവമെന്ന് വിശേഷിപ്പിച്ച ട്രംപ്, ദീപാവലി ആഘോഷിക്കുന്ന എല്ലാ അമേരിക്കക്കാര്‍ക്കും ആശംസകള്‍ നേരുകയും ചെയ്‌തിരുന്നു.

Related Posts