ബെംഗളുരു ബസവനഗുഡിയിലെ ബിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ഏഴാം സെമസ്റ്റർ വിദ്യാർഥിനിയെ ശുചിമുറിയിൽവച്ച് ജൂനിയർ വിദ്യാർഥി ബലാത്സംഗം ചെയ്ത കേസിൽ കോളജിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിയായ ജീവൻ ഗൗഡയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 10ന് ആണ് സംഭവം നടന്നതെന്നാണ് വിവരം. ഉച്ചയ്ക്ക് 1.30 നും 1.50 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് വിവരം.
ഉച്ചഭക്ഷണ ഇടവേളയിൽ, ജീവൻ ഗൗഡ വിദ്യാർഥിനിയോട് മുകളിലെ ആർക്കിടെക്ചർ ബ്ലോക്കിലേക്ക് വരാൻ ആവശ്യപ്പെടുകയുമായിരുന്നു. ആറാം നിലയിൽ എത്തിയപ്പോൾ ജീവൻ വിദ്യാർഥിനിയെ പുരുഷന്മാരുടെ ശുചിമുറിക്ക് അകത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
പെൺകുട്ടിയുടെ മൊബൈൽ ജീവൻ ബലമായി പിടിച്ചുവാങ്ങി പോക്കറ്റിൽ സൂക്ഷിക്കുകയും പെൺകുട്ടിയുടെ സുഹൃത്ത് വിളിച്ചപ്പോൾ കട്ട് കാൾ ചെയ്യുകയും ചെയ്തു. പെൺകുട്ടി പുറത്തുവന്ന് തൻ്റെ രണ്ടു സുഹൃത്തുക്കളെ വിവരം അറിയിച്ചു. വിദ്യാർഥിനിയുടെ പരാതിയിൽ ജീവനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. വിദ്യാർഥിനിക്കുണ്ടായ ഭയവും മാനസിക വിഷമവും കാരണമാണ് പരാതി നൽകാൻ വൈകിയതെന്ന് പൊലീസ് പറഞ്ഞു.