കർണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക, വിദ്യാഭ്യാസ സർവേയിൽ പങ്കെടുക്കാൻ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും ഭാര്യ സുധ മൂർത്തിയും വിസമ്മതിച്ചു. അവർ ഒരു പിന്നോക്ക ജാതിയിലും പെട്ടവരല്ലെന്ന് പറഞ്ഞതായി ബിബിഎംപി വൃത്തങ്ങൾ അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പ് സർവേയ്ക്കായി എന്യൂമറേറ്റർമാർ എത്തിയപ്പോൾ, സുധ മൂർത്തിയും നാരായണ മൂർത്തിയും “ഞങ്ങളുടെ വീട്ടിൽ സർവേ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” എന്ന് പറഞ്ഞതായി ബിബിഎംപി വൃത്തങ്ങൾ പറഞ്ഞു.
2025ലെ സാമൂഹിക, വിദ്യാഭ്യാസ സർവേയ്ക്കായി കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ പുറപ്പെടുവിച്ച ഒരു പ്രോഫോർമയിൽ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതിന് സുധ മൂർത്തി ഒരു വിസമ്മതപത്രത്തിൽ ഒപ്പിട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. “കർണാടക സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ നടത്തുന്ന സാമൂഹിക, വിദ്യാഭ്യാസ സർവേയിൽ വിവരങ്ങൾ നൽകാൻ എൻ്റെ ചില വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ വിസമ്മതിക്കുന്നു” എന്ന് പ്രോഫോമയിൽ പറയുന്നു.
“ഞങ്ങൾ ഒരു പിന്നോക്ക സമൂഹത്തിലും ഉൾപ്പെടുന്നില്ല. അതിനാൽ, അത്തരം ഗ്രൂപ്പുകൾക്കായി സർക്കാർ നടത്തുന്ന സർവേയിൽ ഞങ്ങൾ പങ്കെടുക്കില്ല.” എന്ന് സുധാ മൂർത്തി കന്നഡയിൽ എഴുതിയതായി റിപ്പോർട്ടുണ്ട്.
സെപ്റ്റംബർ 22 ന് ആരംഭിച്ച സർവേ ഒക്ടോബർ 7 ന് അവസാനിക്കുമെന്ന് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ഒക്ടോബർ 18 വരെ നീട്ടി. സർവേയിൽ പ്രധാനമായും അധ്യാപകർ ഉൾപ്പെടുന്നതിനാൽ, ഒക്ടോബർ 18 വരെ സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പഠന നഷ്ടം അധിക ക്ലാസുകൾ നടത്തി നികത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
