കർണാടകയിൽ യുവഡോക്ടർ ഡോ. കൃതിക റെഡ്ഡി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. സംഭവം നടന്ന് ആറു മാസത്തിന് ശേഷമാണ് ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഏപ്രിൽ 21ന് മുന്നേകൊല്ലൽ പ്രദേശത്തുള്ള വീട്ടിൽ വച്ച് ഡെർമറ്റോളജിസ്റ്റായ ഭാര്യ ഡോ. കൃതിക റെഡ്ഡിക്ക് ജനറൽ സർജനായ ഭർത്താവ് ഡോ. മഹേന്ദ്ര റെഡ്ഡി, അമിതമായി അനസ്തെറ്റിക് മരുന്ന് നൽകി എന്നാണ് ആരോപണം. ബോധരഹിതയായ കൃതികയെ ഭർത്താവ് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. അസ്വാഭാവിക മരണത്തിന് മാറത്തഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ, ഒരു കാനുല സെറ്റ്, ഇഞ്ചക്ഷൻ ട്യൂബ്, മറ്റ് മെഡിക്കൽ വസ്‌തുക്കൾ എന്നിവയുൾപ്പെടെയുള്ള പ്രധാന തെളിവുകൾ കണ്ടെടുത്തു. ഫോറൻസിക് പരിശോധനകൾക്കായി ഇവ കൈമാറിയിട്ടുണ്ട്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൃതികയുടെ അവയവങ്ങളിൽ നിന്നും ഉയർന്ന അളവിൽ പ്രൊപ്പോഫോളിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന് സംശയം ഉയർന്നത്.
ഇതിനിടെ തൻ്റെ മകളെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിന് ശേഷം സ്ഥലം മാറി താമസിച്ചിരുന്ന മഹേന്ദ്ര റെഡ്ഡിയെ ഉഡുപ്പിയിലെ മണിപ്പാലിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. അയാൾക്കെതിരെ ഇതിനകം ഒരു ലുക്ക്-ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

Related Posts