രണ്ട് വർഷത്തോളം നീണ്ട യുദ്ധത്തിനൊടുവിൽ ഗാസയിൽ ബന്ദി കൈമാറ്റം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഏഴ് ബന്ദികളെ റെഡ് ക്രോസിന് ഹമാസ് കൈമാറി. ഉടൻതന്നെ ബാക്കിയുള്ള ബന്ദികളെയും വിട്ടയക്കും. മൂന്നിടങ്ങളിൽ നിന്നായി 20 ബന്ദികളെയാണ് റെഡ് ക്രോസിന് കൈമാറുന്നത്. യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് അൽപ സമയത്തിനകം ഇസ്രായേലിൽ എത്തും. പാലസ്തീൻ ബന്ദികളെ ഇസ്രായേലും ഇന്ന് തന്നെ മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഇസ്രായേൽ വിട്ടയക്കുമെന്ന് പറഞ്ഞ 1,900ലധികം പാലസ്തീൻ തടവുകാരുടെ പേരുകൾ ഹമാസ് പുറത്തുവിട്ടു. റെഡ് ക്രോസ് മോചനത്തിന് മേൽനോട്ടം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാലസ്തീൻ തടവുകാരെ ഗസയിലേക്കോ അധിനിവേശ വെസ്റ്റ് ബാങ്കിലേക്കോ തിരികെ കൊണ്ടുപോകുന്നതിനായി നിരവധി വാഹനങ്ങൾ ഇതിനകം ഇസ്രായേലിലെ ഓഫർ ജയിലിൽ കാത്തിരിക്കുന്നുണ്ട്.
മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടികയിൽ നിന്ന് പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പാലസ്തീൻ നേതാവായ അഹമ്മദ് സാദത്തിനെയും മർവാൻ ബർഗൂത്തിയെയും ഒഴിവാക്കിയതായി ഹമാസ്. രണ്ടുപേരെയും വിട്ടയക്കില്ലെന്ന് മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതെന്ന് ഹമാസ് വിശദീകരണം.