2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് പ്രഖ്യാപനം നടക്കുക. ഈ വർഷം പുരസ്കാരത്തിനായി 338 നാമനിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് നൊബേൽ സമിതി അറിയിച്ചു. ഇതിൽ 244 പേർ വ്യക്തികളുമായും 94 എണ്ണം സംഘടനകളുമായും ബന്ധപ്പെട്ടതാണ്.
യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പുരസ്കാരം ലഭിക്കാൻ താനാണ് ഏറ്റവും അർഹനെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഹമാസും ഇസ്രയേലും തമ്മിലുള്ള രണ്ടുവർഷം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഗാസയിൽ സമാധാന കരാർ സാധ്യമാക്കിയതോടെ ട്രംപിന് അനുകൂലമായ പ്രചാരണമാണ് ഉയർന്നിരിക്കുന്നത്.
“ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചത് താനാണ്, അതുകൊണ്ടുതന്നെ നൊബേൽ അർഹൻ,” എന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. പുരസ്കാരം ലഭിക്കാത്ത പക്ഷം അത് അമേരിക്കയ്ക്കുള്ള അപമാനമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ട്രംപിനെ നാമനിർദേശപ്പെടുത്തിയവരിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, കംബോഡിയൻ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ്, പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരും ഉൾപ്പെടുന്നു.