ബെംഗളൂരു ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിൽ കർണാടക സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അപകടങ്ങൾ കുറയ്ക്കാനും പരിസ്ഥിതിക്ക് ദോഷകരമാകുന്നത് ഒഴിവാക്കാനുമാണ് സർക്കാർനടപടി. പരിസ്ഥിതിക്ക് അനുയോജ്യമായ ഹരിത പടക്കങ്ങൾ മാത്രമേ കടകളിൽനിന്ന് വിൽക്കാൻ അനുവദിക്കൂവെന്ന് വനം പരിസ്ഥിതി മന്ത്രി ഈശ്വർ ഖാൻഡ്രെ പറഞ്ഞു. ഇത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപകടകരമായ ലോഹങ്ങൾ ഉൾക്കൊള്ളുന്ന പടക്കങ്ങൾ വിൽക്കില്ലെന്ന് കട ഉടമകളിൽനിന്ന് സത്യവാങ്‌മൂലം എഴുതിവാങ്ങണമെന്നും മന്ത്രി നിർദേശിച്ചു.

ഈ മാസം 20-നാണ് ദീപാവലി ആഘോഷം. ദിവസങ്ങൾക്ക് മുൻപേ പടക്കം പൊട്ടിക്കൽ ആരംഭിക്കും. ആഘോഷദിവസങ്ങളിൽ ബെംഗളൂരു നഗരത്തിലെ അന്തരീക്ഷം മലിനമാകാറുണ്ട്. വെടിമരുന്നിൽനിന്നുള്ള പുക അന്തരീക്ഷത്തിൽ നിറയുന്നതിനാലാണിത്. ഹരിതാപടക്കമാണ് പൊട്ടിക്കുന്നത് എങ്കിൽ ഇത് ഒഴിവാക്കാനാവും. ദീപാവലി ആഘോഷാവസരങ്ങളിൽ നടക്കുന്ന പടക്കം പൊട്ടിക്കലിൽ ഒട്ടേറെ പേർക്ക് അപകടം സംഭവിക്കാറുണ്ട്. ഇതൊക്കെ കണക്കിലെടുത്ത് പരിക്കേൽക്കുന്നവരെ ചികിത്സിക്കാനായി ആശുപത്രികളിൽ പ്രത്യേകവാർഡ് തന്നെ തുറക്കാറുണ്ട്.

Related Posts