കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി വിജയ് സംസാരിച്ചു. വിജയ് സംസാരിച്ചത് ചെന്നൈയിലെ വീട്ടിൽ നിന്ന് വീഡിയോ കോളിലൂടെയാണ്. ഓരോരുത്തരോടും 15 മിനിറ്റിലധികം സംസാരിച്ചു. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചെന്നും കുടുംബത്തിൻ്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. ഉടൻ നേരിൽ കാണുമെന്നും കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉറപ്പ് നൽകി. വീഡിയോ കോൾ ചെയ്യുന്നതിൻ്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ് ആവശ്യപ്പെട്ടതായാണ് റിപ്പോർ്ട്ട്.
കുടുംബാംഗങ്ങളെ വിജയ് ഫോണിൽ വിളിക്കുമെന്ന് ടിവികെ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ദുരന്തം നടന്ന് ഒൻപതാം ദിവസമാണ് വിജയ് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത്. കരൂരിൽ ടിവികെ ജനറൽ സെക്രട്ടറി അരുൺ രാജിൻ്റെ നേതൃത്വത്തിലുള്ള സംഘം ഉണ്ടെന്നാണ് വിവരം. കരൂരിലേക്ക് വിജയ് എന്ന് പോകുമെന്ന കാര്യത്തിൽ സ്ഥിരീകരിച്ചിട്ടില്ല.