ശനിയാഴ്ച കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. മുന്നാം മോദി സർക്കാറിൻ്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണിത്. ബജറ്റ് സമ്മേളനം രണ്ടു ഘട്ടമായാണ് നടക്കുന്നത്. സംയുക്ത പാർലമെൻ്ററി സമിതി (ജെ.പി.സി) അംഗീകരിച്ച ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ, വഖഫ് ഭേദഗതി ബിൽ എന്നിവയാണ് ബജറ്റ് സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. ഇത് ധനമന്ത്രി നിർമലയുടെ തുടർച്ചയായ എട്ടാം ബജറ്റാണ്.
ബജറ്റ് സമ്മേളനത്തിൻ്റെ ആദ്യ ദിവസം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം. പിന്നാക്കവിഭാഗങ്ങൾക്കും ഇടത്തരക്കാർക്കും ഇടം നൽകുന്ന കേന്ദ്ര ബജറ്റാണ് ജനങ്ങൾ കാത്തിരിക്കുന്നത്. ഇടത്തരക്കാർക്ക് ഐശ്വര്യമുണ്ടാകട്ടെയെന്ന ആശംസയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ നേർന്നത്. പ്രസംഗത്തിൽ എട്ട് തവണയാണ് രാഷ്ട്രപതി മധ്യവർഗം എന്ന വാക്ക് ആവർത്തിചു പറഞ്ഞത്.
രാജ്യത്തെ ജനങ്ങൾ, എന്തെല്ലാമാണു ബജറ്റിൽ കാത്തുവച്ചതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ്. ആദായനികുതിയിൽ മാറ്റമുണ്ടാകുമോ എന്നാണ് ഇടത്തരം വരുമാനക്കാർ ഉറ്റുനോക്കുന്നത്. ജനപ്രിയ പ്രഖ്യാപനങ്ങൾക്കു സാധ്യത കുറവാണെന്നാണു സൂചന. 24000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളത്തിനും വയനാടിനു മാത്രമായി 2000 കോടി രൂപയും ചോദിച്ചിട്ടുണ്ട്.
വലിയതോതിലുള്ള സാമ്പത്തിക സഹായമാണ് കേരളം കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. പൊതുവെ കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കേന്ദ്രബജറ്റ് കേരളത്തിന് നിർണായകമാണ്. ഏപ്രിൽ ഒന്നിനു തുടങ്ങുന്ന അടുത്ത സാമ്പത്തികവർഷം (2025-26) ഇന്ത്യയുടെ സാമ്പത്തികവളർച്ച 6.3- 6.8% ആയിരിക്കുമെന്നാണു കേന്ദ്രസർക്കാരിൻ്റെ സാമ്പത്തികസർവേ റിപ്പോർട്ട്.