ബെംഗളൂരു റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം സാഹിത്യ ചർച്ച സംഘടിപ്പിച്ചു. കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഹാളിൽ നടന്ന പരിപാടിയിൽ കവിയും നോവലിസ്റ്റും പ്രഭാഷകനുമായ ഡോ.സോമൻ കടലൂർ “പ്രവാസവും സാഹിത്യവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
പ്രവാസ ജീവിതത്തിൽ മലയാളി സ്വാഭാവികമായും അനുഭവിക്കുന്ന സ്വത്വപരമായ സംഘർഷങ്ങളുടെ പരിഹാരമെന്ന നിലയിലാണ് സാഹിത്യപരമായ ആവിഷ്കാരങ്ങൾ ഉണ്ടായിത്തീരുന്നത്. സ്വന്തം ഭാഷയിൽ നിന്നും അനുഭവ പരിസരങ്ങളിൽ നിന്നും അകന്നു കഴിയുന്നവരിൽ ഉണ്ടാകുന്ന ആത്മാന്വേഷണത്തിൻ്റെ സവിശേഷമായ ഒരു ഇടമാണ് സാഹിത്യരചന. എത്തിപ്പെടുന്ന ദേശത്തിൻ്റെ ഭാഷയിലെ സാഹിത്യകൃതികളെ മലയാളത്തിലേക്ക് പരിചയപ്പെടുത്തുകയോ നമ്മുടെ സാഹിത്യത്തെ മറുഭാഷയിലേക്ക് വിവർത്തനം ചെയ്യുകയോ ചെയ്തുകൊണ്ടാണ് പലപ്പോഴും പ്രവാസജീവിതം സാഹിത്യലോകത്തിന് നിർണായകമായ സംഭാവനകൾ നൽകുന്നത്.
ജലത്തിനു മുകളിൽ എത്തിനോക്കുന്ന മത്സ്യത്തെപോലെ സ്വന്തം സാമൂഹ്യഘടനയിൽ നിന്ന് പുറത്തു നിൽക്കുമ്പോഴാണ് മനുഷ്യനിൽ ആത്മാന്വേഷണത്തിൻ്റെ സംഘർഷം കടന്നുവരുന്നത്. മാർക്വെസിൻ്റെ കൃതികളിൽ കൊളംബിയയിൽ നിന്ന് സ്പെയിനിൽ എത്തിപ്പെട്ടു പോകുന്ന മനുഷ്യരുടെ ആത്മാന്വേഷണത്തിൻ്റെ ആഴത്തിലുള്ള അടയാളങ്ങൾ ഉണ്ട്.
മലയാള സാഹിത്യത്തിൽ പ്രവാസ ജീവിതത്തിൻ്റെ ആവിഷ്കരണങ്ങളുടെ വിപുലമായ അടയാളപ്പെടുത്തലുകൾ ഉണ്ടെന്നും എന്നാൽ ഇന്ത്യയ്ക്കകത്തുള്ള മറ്റു ഭാഷകളിൽ നിന്നുള്ള ശ്രദ്ധേയമായ സാഹിത്യത്തെ കണ്ടെടുക്കുവാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫോറം പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. കെ.ആർ.കിഷോർ ചർച്ച ഉദ്ഘാടനം ചെയ്തു. ആർ.വി.ആചാരി, ബി.എസ്.ഉണ്ണികൃഷ്ണൻ, സുദേവ് പുത്തൻചിറ, എസ്.കെ.നായർ, ലത നമ്പൂതിരി, സഞ്ജീവ്, പുഷ്പ കാനാട്, ജി.ജോയ്, ജാഷിർ കെ.വി, സന്തോഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി സിന കെ.എസ് നന്ദിയും പറഞ്ഞു.