കേരളസമാജം ദൂരവാണിനഗറിൻ്റെ ഒരു മാസത്തിലേറെക്കാലം നീണ്ടുനിന്ന ഓണാഘോഷ പരിപാടിക്ക് സമാപനം. ഓണാഘോഷ പരിപാടിയിൽ കെ.ആർ.പുരം നിയോജക മണ്ഡലം എം.എൽ.എ, ബി എ ബസവരാജ്, പ്രശസ്ത കന്നഡ ചലച്ചിത്ര താരവും നാടക പ്രതിഭയും അധ്യാപികയുമായ പ്രൊഫസർ ലക്ഷ്മി ചന്ദ്രശേഖർ, പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജി ആർ ഇന്ദുഗോപൻ, പ്രമുഖ കവിയും അധ്യാപകനുമായ വീരാൻകുട്ടി മാഷും മുഖ്യാതിഥികളായി.
സമാജത്തിൻ്റെ ഓണം 2025 പരിപാടി ജൂബിലി കോളേജ് വിദ്യാർത്ഥിനികളുടെ മെഗാ തിരുവാതിരയോടെ ആരംഭിച്ചു. സമാജം കഴിഞ്ഞ ഒരു മാസക്കാലമായി നടത്തിവന്നിരുന്ന ഓണാഘോഷ നൃത്ത, സംഗീത, കലാ മത്സരങ്ങളിൽ ഒന്നാം സമ്മാനം നേടിയവരുടെ കലാ പ്രകടനം വിസ്മയാവഹമായിരുന്നു. വിജിനപുര ജൂബിലി സ്കൂൾ വിദ്യാർത്ഥികൾ- അദ്ധ്യാപികമാർ, ജൂബിലി സി ബി എസ് ഇ സ്കൂൾ വിദ്യാർത്ഥികൾ – അദ്ധ്യാപികമാർ, ജൂബിലി കോളേജ് വിദ്യാർത്ഥികൾ, യുവജന – വനിതവിഭാഗം കലാകാരന്മാർ എന്നിവരുടെ വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് മിഴിവേകി.
ഓണസദ്യക്ക് ശേഷം നടന്ന പൊതുസമ്മേളനം അതിഥികളും സമാജം ഭാരവാഹികളും ചേർന്ന് വിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിക്കുകയും ആശംസാ പ്രഭാഷണം നടത്തുകയും ചെയ്തു. പ്രസിഡണ്ട് മുരളീധരൻ നായർ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എഡുകേഷണൽ സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ് എന്നിവരും സംസാരിച്ചു. സോണൽ സെക്രട്ടറിമാരായ ഏ യു രാജു, ബാലകൃഷ്ണപിള്ള, എസ് വിശ്വനാഥൻ, പുരുഷോത്തമൻ നായർ എന്നിവർ അതിഥികൾക്ക് പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.
അങ്കിത ആർ, ആർദ്രരാജ് വി വി, രേഖ പി മേനോൻ, സി കുഞ്ഞപ്പൻ എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. ജോയിൻറ് സെക്രട്ടറി ജോണി പി സി, ഓണാഘോഷ പരിപാടിയുടെ കൺവീനറും ജോയന്റ് സെക്രട്ടറിയുമായ ബിനോ ശിവദാസ്, ചെയർമാൻ ഗോപാലകൃഷ്ണൻ പി, സോണൽ സെക്രട്ടറിമാരായ സുഖിലാൽ, പ്രസാദ് ഇ എന്നിവർ അതിഥികൾക്ക് ഓർമ്മോപഹാരം നൽകി. സാഹിത്യ വിഭാഗം ചെയർമാൻ കെ ചന്ദ്രശേഖരൻ നായർ കഥ കവിത വിജയികളെ പ്രഖ്യാപിച്ചു. ട്രഷറർ എം കെ ചന്ദ്രൻ, വനിതാ വിഭാഗം ചെയർപേഴ്സൺ ഗ്രേസി പീറ്റർ, യുവജന വിഭാഗം ചെയർമാൻ അബ്ദുൽ അഹദ്, കൺവീനർ ഷമീമ എന്നിവർ സന്നിഹിതരായിരുന്നു. ജൂബിലി സി ബി എസ് ഇ അദ്ധ്യാപിക ബിജു സുധാകർ ആയിരുന്നു അവതാരിക.
വൈസ് പ്രസിഡന്റ് എം പി വിജയൻ നന്ദി പറഞ്ഞു.
പരീക്ഷകളിൽ ഉന്നത വിജയം നേടിയ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് മുഖ്യാതിഥികൾ ക്യാഷ് അവാർഡും മെറിറ്റ് അവാർഡുകളും സമ്മാനിച്ചു. മുൻ ഭാരവാഹികളും, സോണൽ സെക്രട്ടറിമാരും മത്സര
വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ്, സ്റ്റാർ സിംഗർ താരം ബൽറാം, റിതുരാജ്, ബാസിൽ, ദേവപ്രിയ വയലിൻ ആർട്ടിസ്റ്റ് വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച മെഗാ ഗാനമേളയോടെ 2025 ലെ ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.