സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ രണ്ടരവർഷം പൂർത്തിയാക്കാൻ ഒരുങ്ങുമ്പോൾ കോൺഗ്രസിൽ അധികാരമാറ്റ ചർച്ചകൾക്ക് സജീവം. മന്ത്രിസഭയിൽ മാറ്റമുണ്ടാകുമെന്ന് കോൺഗ്രസ് ചീഫ് വിപ്പ് സലിം അഹമ്മദ് പറഞ്ഞു. പാർട്ടി ദേശീയനേതൃത്വം മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് പരസ്യപ്രതികരണം വിലക്കിയിട്ടുണ്ടെങ്കിലും ഇത് ലംഘിച്ചാണ് സലിം അഹമ്മദിൻ്റെ പ്രസ്താവന.
‘മന്ത്രിമാരിൽ പകുതിയോളം പേര് മാറി പുതുമുഖങ്ങൾ വരും. രണ്ടുവർഷം പൂർത്തിയാകുമ്പോൾതന്നെ മന്ത്രിസഭയിൽ മാറ്റം വേണമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അടക്കം മുന്നിൽ കണ്ട് മുതിർന്ന നേതാക്കളെ മന്ത്രിസഭയിൽനിന്ന് മാറ്റി സംഘടനാരംഗത്തേക്ക് കൊണ്ടുവരണമെന്നും ഇതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന വരുമ്പോൾ മന്ത്രിസഭയിൽ ഇടംലഭിക്കുമെന്ന പ്രതീക്ഷ തനിക്കുണ്ട്’ സലിം അഹമ്മദ് കൂട്ടിച്ചേർത്തു.
പാർട്ടിവിരുദ്ധ പ്രസ്താവന നടത്തിയതിൻ്റെ പേരിൽ കെ.എൻ. രാജണ്ണയും അഴിമതിക്കേസിനെത്തുടർന്ന് ബി. നാഗേന്ദ്രയും മന്ത്രിസ്ഥാനം രാജിവെച്ചതോടെ മന്ത്രിസഭയിലെ ദളിത് പ്രാതിനിധ്യം മൂന്നിൽനിന്ന് ഒന്നായി കുറഞ്ഞു. ഇരുവർക്കും പകരമായി ആരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല.