റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഗിൽബർട്ടിൻ്റെ വീട്ടിൽ നിന്ന് കവർന്നത് 16.5 പവൻ സ്വർണ്ണമെന്ന് പോലീസിൻ്റെ സ്ഥിരീകരണം. വിഴിഞ്ഞം വെണ്ണിയൂരിൽ വീട് കുത്തിത്തുറന്ന് 90 പവൻ സ്വർണ്ണം മോഷ്ടിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങൾ. എന്നാൽ, 16.5 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയുമാണ് നഷ്ടമായതെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
ഗിൽബർട്ടിൻ്റെ വീട്ടിൽ ബുധനാഴ്ച രാവിലെയാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. ഗിൽബട്ടിൻ്റെ ഭാര്യ വിമലകുമാരിയുടെയും മകൻ ബെൻസൻ്റെയും ഉൾപ്പെടെ 90 പവൻ സ്വർണം വീട്ടിൽ സൂക്ഷിച്ചിരുന്നു. ഇതിൽ ഗിൽബർട്ടിൻ്റെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 16.5 പവനും ഒരു ലക്ഷം രൂപയുമാണ് നഷ്ടമായത്.
ഗിൽബർട്ടിൻ്റെ മകൻ ബെൻസൻ്റെ മുറിയിലായിരുന്നു ബാക്കി സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ സ്വർണ്ണം നഷ്ടപ്പെട്ടില്ലെന്ന് മനസ്സിലായത്. ബെൻസൻ്റെ മുകളിലത്തെ മുറിയിലെ അലമാരകൾ മോഷ്ടാവ് കുത്തിത്തുറന്നെങ്കിലും അലമാരയുടെ അടിഭാഗത്തെ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ടിരുന്നില്ല.
ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ചുറ്റുപാടുകളെക്കുറിച്ചും വീടിനെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിൻ്റെ നിഗമനം.